Society Today
Breaking News

കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നുള്ള അഗ്രിടെക് സ്റ്റാര്‍ട്ടപ്പായ ഫ്യൂസെലേജിനെ ബ്രിട്ടനിലെ ഗ്ലോബല്‍ ഒണ്‍ട്രപ്രണര്‍ഷിപ്പ് പ്രോഗ്രാമിലേക്ക് (ജിഇപി)തെരഞ്ഞെടുത്തു. ഇതോടെ ബ്രിട്ടനില്‍ ആസ്ഥാന മന്ദിരം സ്ഥാപിച്ച് പ്രവര്‍ത്തനം തുടങ്ങാന്‍ ഫ്യൂസലേജിന് സാധിക്കും.2020 ല്‍ ദേവന്‍ ചന്ദ്രശേഖരനും ദേവിക ചന്ദ്രശേഖരനും ചേര്‍ന്ന് ആരംഭിച്ച ഫ്യൂസലേജിന്റെ പ്രധാന കാര്‍ഷിക ടെക്‌നോളജി ഉത്പന്നങ്ങള്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള വളപ്രയോഗം, നിരീക്ഷണം എന്നിവയാണ്. ജിഇപിയിലേക്ക് തെരഞ്ഞെടുത്തതോടെ അന്താരാഷ്ട്രതലത്തിലുള്ള വിദഗ്‌ധോപദേശം, സാങ്കേതിക സഹായം എന്നിവ നേടാന്‍ ഫ്യൂസലേജ് അര്‍ഹത നേടി.അന്താരാഷ്ട്രതലത്തില്‍ കൂടുതല്‍ ബിസിനസ് നേടാനും സ്വന്തം ഡ്രോണ്‍, യുഎവി അടക്കമുള്ള ഉത്പന്നങ്ങള്‍ മറ്റ് വിദേശരാജ്യങ്ങളിലേക്ക് അയക്കാനും ജിഇപിയിലൂടെ ഫ്യൂസലേജിന് സാധിക്കും. ബ്രിട്ടനിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിലൂടെ അവിടുത്തെ ആഭ്യന്തര വാണിജ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ കൂടുതല്‍ കയറ്റുമതി സാധ്യതയും ലഭിക്കും.സുപ്രധാന വാണിജ്യമേഖലയിലേക്ക് കടന്നു ചെല്ലാന്‍ ജിഇപിയിലൂടെ സാധിക്കുമെന്ന് കമ്പനി എംഡി ദേവന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. കയറ്റുമതി വര്‍ധിപ്പിക്കാനും യുകെയിലെ സാങ്കേതിക ആവാസവ്യവസ്ഥയില്‍ കൂടുതല്‍ ബന്ധം സ്ഥാപിക്കാനും ഇതിലൂടെ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആകാശനിരീക്ഷണത്തിലൂടെ തന്നെ വളപ്രയോഗം, രോഗബാധ എന്നിവ മനസിലാക്കാനും അതിന്റെ പരിഹാരം ഡ്രോണ്‍ വഴി തന്നെ നടത്താനുമുള്ള സാങ്കേതികവിദ്യയാണ് ഫ്യൂസലേജിനുള്ളത്. സുസ്ഥിര കൃഷി, ഭക്ഷ്യസുരക്ഷ എന്നിവയ്ക്ക് ഡിജിറ്റല്‍ കാര്‍ഷിക മാതൃക ഏര്‍പ്പെടുത്തുകയും മികച്ച കാര്‍ഷിക സംസ്‌ക്കാരം വളര്‍ത്തിയെടുക്കുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.ആഗോളജനതയ്ക്ക് സഹായകരമാകുന്ന വ്യക്തമായ വാണിജ്യ പദ്ധതിയുള്ള വിദേശ ഉത്പന്നങ്ങളെ മാത്രമേ ജിഇപിയിലേക്ക് തെരഞ്ഞെടുക്കുകയുള്ളൂ. ബ്രിട്ടിനില്‍ കമ്പനി ആസ്ഥാനം തുടങ്ങണമെന്ന നിബന്ധനയ്ക്ക് പുറമെ മികച്ച സാങ്കേതികവിദ്യ അടിസ്ഥമാക്കിയുള്ള സേവന ഉത്പന്നമായിരിക്കണം കമ്പനി പുറത്തിറക്കേണ്ടത്. നിലവില്‍ ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന ഉത്പന്നമാകണമെന്നതിനു പുറമെ വിപണിയില്‍ ഉടനടി ഇറക്കാന്‍ പറ്റുന്നതുമാകണം. കമ്പനിയുടെ ഭാവി വളര്‍ച്ച ബ്രിട്ടന്‍ ആസ്ഥാനമായുള്ള ഓഫീസ് വഴിയാകണമെന്നും നിര്‍ബന്ധമുണ്ട്.

Top